‘ഓണാരവം 2025’: എഴുകുംവയലിൽ ഒത്തൊരുമയുടെ ഓണം
എഴുകുംവയൽ: എഴുകുംവയൽ നിത്യസഹായമാതാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓണാരവം 2025’ ജാതി മത വർഗ്ഗ വർണ്ണ ഭേതമന്യേ ജനപങ്കാളിത്തത്തോടെ ഒത്തൊരുമയുടെ ഓണാഘോഷമായി.
ഓണാഘോഷത്തിൻ്റെ ഭാഗമായി രാവിലെ എഴുകുംവയൽ കുരിശുമല ജംഗ്ഷനിൽ നിന്നാരംഭിച്ച കൂട്ടയോട്ടം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രീമി ലാലിച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളി അംഗണത്തിലെ മുഖ്യ ചടങ്ങ് SNDP ശാഖാ പ്രസിഡൻറ് കെ.എൻ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജെയ്നമ്മ ബേബി ഇരുമ്പുകുത്തിയിൽ, ഷാജി തൊട്ടുമാക്കൽ, ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മായാകുമാരി പി.ജി., സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സാബു മാത്യു മണിമലക്കുന്നേൽ, ആപ്കോസ് പ്രസിഡൻറ് കെ.പി.രാജൻ കുന്നേൽ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് ചക്കോച്ചൻ പാറത്തറ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രാദേശിക എഴുത്തുകാരിയായ അനുജ കെ.യുടെ കഥാസമാഹാരമായ *‘ശർക്കരവരട്ടി’*യുടെ പ്രകാശനം വികാരി ഫാ. ജോസഫ് ചുനയൻമാക്കൽ നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യ പ്രതി ഹെഡ്മിസ്ട്രസ് മായാകുമാരി പി.ജി ക്ക് കൈമാറി.
തിരുവാതിര, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ആവേശകരമായി നടന്നു. വിവിധ വിഭാഗങ്ങളിലായി 15 ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണ ഊഞ്ഞാലും ഓണപ്പായസവും സംഘാടകർ ഒരുക്കിയിരുന്നു.





