75-ാം പിറന്നാളിന് 75 ഓണക്കൈനീട്ടം; സ്നേഹത്തിന്റെ ഓണപ്പൊലിമയിൽ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ
തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നാടിന്റെ ഹൃദയത്തോട് ചേർന്ന് സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ. ഓണാഘോഷത്തിന് പുതുമയും മാനവികതയുടെ സന്ദേശവും പകർന്നുനൽകി സ്കൂൾ ഒരുക്കിയത് 75 ഓണക്കിറ്റുകൾ. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ സമാഹരിച്ച കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
സ്കൂളിന്റെ 75-ാം വാർഷികത്തിന്റെ പ്രതീകമായാണ് 75 കുടുംബങ്ങളിലേക്ക് ഓണസമ്മാനമെത്തിച്ചത്. ഒരു കുടുംബത്തിന് ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഓരോ കിറ്റും തയ്യാറാക്കിയത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയ 12-ഓളം അവശ്യസാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.
ഓണം ആഘോഷിക്കുന്നതിനൊപ്പം പങ്കുവെക്കലിന്റെയും കരുതലിന്റെയും സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിയാത്ത കുടുംബങ്ങളിലേക്കും ഓണത്തിന്റെ സന്തോഷമെത്തിക്കുകയെന്ന ആശയമാണ് പ്രവർത്തനത്തിന് പിന്നിൽ.
വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് കൈകോർത്തതോടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ട മുഖവും ലഭിച്ചു.
പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, അധ്യാപകരായ ആൽബിൻ ജോസഫ്, അഞ്ജു ജോസഫ്, രമ്യ മുരളി, സിസ്റ്റർ അനിറ്റ എന്നിവർ നേതൃത്വം നൽകി. പി.ടി.എ. ഭാരവാഹികളും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.





