പുതുപ്പള്ളിയിലെത്തി ക്രിസ് ഗെയ്ല്‍; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി
വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കോട്ടയം പുതുപ്പള്ളിയിലെത്തി. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗെയ്ല്‍ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.
പുതുപ്പള്ളിയിലെത്തിയ ഗെയ്ലിനെ എംഎൽഎ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ആവേശപൂർവം സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഓടിച്ച വാഹനത്തിൽ സഞ്ചരിച്ച ഗെയ്ല്‍ പുതുപ്പള്ളി പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്ക് മടങ്ങിയ ഗെയ്ല്‍, പ്രദേശത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മൈതാനവും സന്ദർശിക്കും.
കേരള ക്രിക്കറ്റ് ലീഗിലെ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയും മെന്ററുമാണ് ക്രിസ് ഗെയ്ല്‍. ടീമിന്റെ മത്സരം കാണുന്നതിനായാണ് അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.





