വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ വിമുക്തഭടൻ മരിച്ചു
വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ വിമുക്തഭടൻ മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന റെനോ ക്വിഡ് കാർ (KL 05 AV 3686) പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീയും പുകയും ഉയരുന്നതും വാഹനത്തിനുള്ളിൽ നിന്ന് നിലവിളി കേട്ടതായും സമീപവാസികൾ പൊലീസിനോട് പറഞ്ഞു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്ന് കാർ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനത്തിനുള്ളിലുണ്ടായിരുന്നയാളെ രക്ഷിക്കാനായില്ല.
കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ടൈറ്റസ് കുര്യൻ വീട്ടിൽനിന്ന് കാറുമായി ഇറങ്ങിയതായി വിവരം ലഭിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങിയതായാണ് ബന്ധുക്കൾ നൽകിയ വിവരം.
കാർ ഓടുന്നതിനിടെ തീപിടിച്ചതാണോ, മറ്റേതെങ്കിലും കാരണമാണോ മരണത്തിന് പിന്നിലെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വെങ്ങാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.





