കൊന്നത്തടിക്കാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു; അഞ്ചാംമൈൽ–കൊന്നത്തടി റോഡ് നിർമ്മാണത്തിന് തുടക്കം
കൊന്നത്തടി: പതിറ്റാണ്ടുകളായുള്ള കൊന്നത്തടിയുടെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. അഞ്ചാംമൈൽ–കൊന്നത്തടി റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണമാണ് ഇന്നലെ ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പ്രസാദ്, പഞ്ചായത്തംഗം കെ.പി. ശ്രീനിവാസൻ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ പങ്കെടുത്തു.
ഇടതുമുന്നണി സർക്കാരിന്റെ ഭരണകാലത്ത് 5 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച റോഡാണിത്. ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 4.750 മീറ്റർ വീതിയിൽ ടാറിങ് നടത്തും. റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ് ഓടകളും നിർമിക്കും.
കൊന്നത്തടിക്ക് സമീപം തോടിന് കുറുകെയുള്ള നിലവിലെ കലുങ്ക് പൊളിച്ചുമാറ്റി പുനർനിർമിക്കുന്നതിനൊപ്പം രണ്ട് സ്ഥലങ്ങളിലെ അപകടകരമായ വളവുകളും നിവർത്തും. നിർമ്മാണം പൂർത്തിയാകുന്നതോടെ പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകും.
പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, രണ്ട് സ്കൂളുകൾ, ഹോമിയോ ആശുപത്രി, സർവീസ് സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ്, ക്ഷീര സഹകരണ സംഘം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്ത് ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
ടൂറിസം മേഖലയ്ക്കും പുത്തൻ പ്രതീക്ഷ
റോഡ് യാഥാർഥ്യമാകുന്നതോടെ കൊന്നത്തടിയുടെ മുഖഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. ഹോംസ്റ്റേകളും റിസോർട്ടുകളും വർധിച്ചതോടെ വിനോദസഞ്ചാരികളുടെ വരവും മേഖലയിൽ വർധിച്ചിട്ടുണ്ട്. മികച്ച റോഡ് സൗകര്യം ലഭിക്കുന്നതോടെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
കൊന്നത്തടി ടൗണിലെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിന്റെ വികസന രംഗത്തും പ്രത്യേകിച്ച് ടൂറിസം മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.


