ആത്മഹത്യാശ്രമത്തിൽ നിന്ന് വയോധികനെ പിന്തിരിപ്പിച്ച എസ്.ഐ. ടി.ബി. ബിബിനെ മന്ത്രി ആദരിച്ചു
ഇടുക്കി: അവസരോചിതമായ ഇടപെടലിലൂടെ ആത്മഹത്യാശ്രമം നടത്തിയ വയോധികനെ പിന്തിരിപ്പിച്ച ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.ബി. ബിബിനെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു.
കുടുംബകലഹത്തെ തുടർന്ന് വീടിനുള്ളിൽ കയറി വാതിലടച്ച് കഴുത്തിൽ കുരുക്കിട്ട് നിന്ന വയോധികനെയാണ് എസ്.ഐ. ടി.ബി. ബിബിൻ സമാധാനിപ്പിച്ച് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്. “എന്നെ മകനായി കണ്ട് 10 മിനിറ്റ് സംസാരിക്കാൻ അവസരം നൽകണം” എന്ന് പറഞ്ഞ് വയോധികനുമായി സംസാരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ആത്മഹത്യാ മുനമ്പിൽ നിന്ന് കരകയറ്റിയത്.
കഴിഞ്ഞ മാസം അവസാനവാരത്തിൽ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാടിക്ക് സമീപമാണ് സംഭവം നടന്നത്. എസ്.ഐയുടെ സമയോചിതമായ ഇടപെടലിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരുടെ അഭിനന്ദനം ലഭിച്ചിരുന്നു.മുരിക്കാശേരിയിൽ നടന്ന ജില്ലാതല തൂഫാൻ പ്രചാരണ പരിപാടിയിൽ മന്ത്രി രമേശ് ചെന്നിത്തല ഉപഹാരം നൽകി ടി.ബി. ബിബിനെ ആദരിച്ചു.


