കുമളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്ര ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു
കുമളി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുമളിയിൽ സംഘടിപ്പിച്ച മഹാ ശോഭായാത്ര ഭക്തിസാന്ദ്രമായി. വിവിധ ക്ഷേത്രങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ കുമളി ശ്രീ ദുർഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ സംഗമിച്ചതിന് ശേഷമാണ് മഹാ ശോഭായാത്രയായി നഗരത്തിലൂടെ പ്രയാണം നടത്തിയത്.
അമരാവതി നൂലാംപാറ മഹാദേവ ക്ഷേത്രം, ഒട്ടകത്തലമേട് ധർമശാസ്താ ദേവസ്ഥാനം, ഒന്നാംമൈൽ ശ്രീമുരുക ദേവസ്ഥാനം, അട്ടപ്പള്ളം, തേക്കടി ദേവീക്ഷേത്രം, മന്നാക്കുടി വനദേവി-വനദേവൻ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ശോഭായാത്രകൾ ആരംഭിച്ചത്
കുമളി ശ്രീ ദുർഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ സംഗമിച്ച ശോഭായാത്രകളെ തുടർന്ന് നടന്ന മഹാ ശോഭായാത്ര മഹാലക്ഷ്മി ജി ഉദ്ഘാടനം ചെയ്തു. ഗോപിക നൃത്തവും ശ്രീകൃഷ്ണ വേഷധാരികളായ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ശോഭായാത്രയിൽ അണിനിരന്നു. വിവിധ കലാരൂപങ്ങളുടെയും ഭക്തിഗാനങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭായാത്ര പടിഞ്ഞാറ് ശ്രീധർമശാസ്താ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.
തുടർന്ന് ക്ഷേത്രാങ്കണത്തിൽ ഉറിയടി ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളും നടന്നു.
ആഘോഷ സമിതി ഭാരവാഹികളായ വി.എൻ. ബാബു, സതീഷ് പുല്ലാട്ട്, സജി വെമ്പള്ളി, കെ.എസ്. സാബു, ലിബിൻ കെ.എസ്., ജിഷ്ണു, സുബി സുഭാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


