ആറാമത് ഇടുക്കി രൂപതാ മരിയൻ തീർഥാടനം ഇന്ന്
ഗതാഗത-പാർക്കിങ് ക്രമീകരണങ്ങൾ ഇങ്ങനെ
രാജാക്കാട്: ഇടുക്കി രൂപതാധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽനിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ഇന്ന് നടക്കുന്ന ആറാമത് മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തീർഥാടകരുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പൊലീസ്-വളണ്ടിയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വാഹന പാർക്കിങ് ക്രമീകരണങ്ങൾ
കല്ലാർകുട്ടി, പന്നിയാർകൂട്ടി ഭാഗങ്ങളിൽനിന്ന് പൊന്മുടി റോഡ് വഴി എത്തുന്ന ചെറുവാഹനങ്ങൾ രാജാക്കാട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുമ്പുള്ള ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഞ്ചായത്ത് ഓഫീസ് റോഡ് വഴി ഗവ. സ്കൂൾ ഗ്രൗണ്ടിലെത്തി തീർഥാടകരെ ഇറക്കണം. തുടർന്ന് വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യണം.
മുല്ലക്കാനം ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾ രാജാക്കാട് എൻ.എസ്.എസ്. ബിൽഡിങ്ങിന് സമീപം തീർഥാടകരെ ഇറക്കിയ ശേഷം വലത്തേക്ക് തിരിഞ്ഞ് ക്ഷേത്രം റോഡ് വഴി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
തിങ്കൾക്കാട്, സ്ലീവാമല, കുത്തുങ്കൽ, പഴയവിടുതി ഭാഗങ്ങളിൽനിന്നുള്ള ചെറുവാഹനങ്ങൾ ബസ് സ്റ്റാൻഡിൽ തീർഥാടകരെ ഇറക്കിയ ശേഷം അവിടെ പാർക്ക് ചെയ്യണം.
ബസുകൾ രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങൾ പാരീഷ് ഹാളിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
രാജകുമാരിയിലെത്തുന്ന വൈദികരുടെ വാഹനങ്ങൾക്ക് രാജകുമാരി പള്ളി ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യമുണ്ടാകും.
ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
രാവിലെ 9 മുതൽ തീർഥാടനം സമാപിക്കുന്നതുവരെ പൂപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ കുരുവിളാസിറ്റിയിൽനിന്ന് കടുക്കാസിറ്റി–ഖജനാപ്പാറ–കുംഭപ്പാറ–പുന്നസിറ്റി–വലിയകണ്ടം റോഡ് വഴി പോകണം.
രാവിലെ 10ന് തീർഥാടന റാലി ആരംഭിച്ച ശേഷം രാജകുമാരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അടിവാരം–വാക്കാസിറ്റി–മാങ്ങാത്തൊട്ടി–ആവണക്കുംചാൽ വഴിയും ശാന്തൻപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആവണക്കുംചാലിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് സേനാപതി വഴിയും പോകണം.
രാജകുമാരിയിൽനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന് ഒറ്റവരിയായി സഞ്ചരിക്കണം.
രാജകുമാരി ടൗണിൽ ഗതാഗത നിയന്ത്രണം
തീർഥാടനം രാജകുമാരി ടൗണിലെത്തുന്ന ഉച്ചയ്ക്ക് 12 മുതൽ തീർഥാടനം പള്ളിയിലെത്തുന്നതുവരെ പൂപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുരുവിളാസിറ്റി–കടുക്കാസിറ്റി വഴി തിരിച്ചുവിടും.
ബൈസൺവാലി, ഖജനാപ്പാറ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ രാജകുമാരി ടൗണിൽ പ്രവേശിക്കാതെ രാജാക്കാട് ഭാഗത്തേക്ക് പോകേണ്ടവ കുംഭപ്പാറ–പുന്നസിറ്റി വഴിയും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ടവ കടുക്കാസിറ്റി വഴിയും സഞ്ചരിക്കണം.
ചെമ്മണ്ണാർ, കാന്തിപ്പാറ, നടുമറ്റം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ രാജകുമാരി ഹരിത ജങ്ഷനിൽനിന്ന് തിരിഞ്ഞ് പന്നിയാർ ജങ്ഷൻ വഴി പോകണം.
തീർഥാടകരുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് നിർദേശം
രാവിലെ 10ന് മുമ്പായി തീർഥാടകരുമായി രാജാക്കാട്ടെത്തുന്ന വലിയ വാഹനങ്ങൾ രാജാക്കാട്ട് തീർഥാടകരെ ഇറക്കിയ ശേഷം ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ രാജകുമാരിയിലെ നിർദിഷ്ട പാർക്കിങ് ഗ്രൗണ്ടുകളിലോ പാർക്ക് ചെയ്യണം. അധികൃതരുടെ നിർദേശം ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവ രാജകുമാരി പള്ളിയിലേക്ക് എത്തി തീർഥാടകരെ തിരികെ കൊണ്ടുപോകാവൂ.
തീർഥാടന റാലി ആരംഭിച്ചതിന് ശേഷം എത്തുന്ന വലിയ വാഹനങ്ങൾ റാലിക്ക് പിന്നിലായി മാത്രം രാജകുമാരിയിലേക്ക് പ്രവേശിക്കണം. തീർഥാടനത്തിനെത്തുന്ന ചെറുവാഹനങ്ങൾ രാജാക്കാട്ടെ നിർദിഷ്ട പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
രാജകുമാരിയിൽനിന്ന് തീർഥാടകരെ ബസുകളിൽ രാജാക്കാട്ടേക്ക് തിരികെ എത്തിക്കുന്നതിനായി 15 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന പാർക്കിങ് കേന്ദ്രങ്ങൾ
രാജാക്കാട് മേഖല
രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്
ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ട്
ബസ് സ്റ്റാൻഡ് ഗ്രൗണ്ട്
രാജകുമാരി മേഖല
രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ട്
രാജകുമാരി നോർത്ത് ഗവ. വി.എച്ച്.എസ്.എസ്. ഗ്രൗണ്ട്
കുരുവിളാസിറ്റി സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഗ്രൗണ്ട്
മുരിക്കുംതൊട്ടി മാർ. മാത്യൂസ് പബ്ലിക് സ്കൂൾ ഗ്രൗണ്ട്
മുരിക്കുംതൊട്ടി മോണ്ട്ഫോർട്ട് വാലി സ്കൂൾ ഗ്രൗണ്ട്
ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സി.ഐ. പി.കെ. കവിരാജൻ, രാജാക്കാട് എസ്.എച്ച്.ഒ. എം.എസ്. ഉണ്ണികൃഷ്ണൻ, തീർഥാടന കൺവീനർമാരായ മോൺ. ജോസ് നരിതൂക്കിൽ, ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ട്രാഫിക് കമ്മിറ്റി ചെയർമാൻ ഫാ. ജോബി മാതാളികുന്നേൽ, കൺവീനർ റോയി ചാത്തനാട്ട്, ഡാർച്ചമിൻ റാത്തപ്പിള്ളിൽ, ജോസ് മുറിയിൽ എന്നിവർ അറിയിച്ചു.


