ഇ.എസ്.എ. പരിധിയിൽനിന്ന് ജനവാസ മേഖലകളെയും ടൗണുകളെയും ഒഴിവാക്കണം; കേന്ദ്രത്തിന് കത്തയച്ച് വ്യാപാരി വ്യവസായി സമിതി
നെടുങ്കണ്ടം: ഇക്കോ സെൻസിറ്റീവ് ഏരിയ (ഇ.എസ്.എ.) പരിധിയിൽനിന്ന് ജനവാസ മേഖലകളെയും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ടൗണുകളെയും ഒഴിവാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും വിവിധ വകുപ്പ് മേധാവികൾക്കും വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കത്തുകളയച്ചു.
ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ ഇ.എസ്.എ. കരട് വിജ്ഞാപനം കടുത്ത ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനപ്രകാരം 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുന്നതായാണ് കണക്കാക്കുന്നത്. ഇടുക്കി ജില്ലയിൽ 4,511 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസ മേഖലകൾ ഉൾപ്പെടെ ഇ.എസ്.എ. പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.
ഉടുമ്പൻചോല താലൂക്കിലെ 17 വില്ലേജുകളും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുന്നതായി സമിതി ആരോപിച്ചു. ജനവാസ മേഖലകളെയും വ്യാപാര കേന്ദ്രങ്ങളെയും ഇ.എസ്.എ. പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചാണ് വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ കത്തയക്കൽ സംഘടിപ്പിച്ചത്.
മേഖലയിലെ നൂറുകണക്കിന് വ്യാപാരികളും സമാന ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കത്തുകളയയ്ക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ പറഞ്ഞു.
യൂണിറ്റ് ഭാരവാഹികളായ ഷിജു ഉള്ളിരിപ്പിൽ, കെ.കെ. സജു, അയ്യൂബ് പായിപ്പാടൻ എന്നിവർ നേതൃത്വം നൽകി.


