നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട്; രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസ്
ഇടുക്കി: നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് തലയിൽ ചൂടിയും പൂച്ചെണ്ടുകളാക്കി കൈയിൽ പിടിച്ചും ഫോട്ടോഷൂട്ട് നടത്തിയ രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. എറണാകുളം സ്വദേശികളാണ് യുവാക്കളെന്നാണ് പ്രാഥമിക വിവരം. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ സന്ദർശകർ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് വനംവകുപ്പ് നേരത്തെ കർശന നിർദേശങ്ങൾ നൽകിയിരുന്നു. നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികൾക്ക് ഇത്തരം മേഖലകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇതിനിടെയാണ് യുവാക്കൾ നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത്. ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരം വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.
യുവാക്കളിൽ ഒരാൾ ഫോട്ടോകൾ പകർത്തിയത് ചിന്നക്കനാലിൽ നിന്നാണെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് നിലവിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. അപൂർവമായി പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി പൂക്കൾ പറിക്കുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യരുതെന്ന് വനംവകുപ്പ് സന്ദർശകർക്ക് നിർദേശം നൽകിയിട്ടുണ്ട്.


