മൂന്നാറിൽ ആദ്യമായി പോപ്പി സ്ട്രോ പിടികൂടി; 8.185 കിലോയുമായി ഇടമലക്കുടി സ്വദേശി അറസ്റ്റിൽ
കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന കറുപ്പ് കായയുടെ തൊണ്ടാണ് പോപ്പി സ്ട്രോ അഥവാ ‘വൈക്കോൽ കറുപ്പ്’ എന്നറിയപ്പെടുന്ന ലഹരി വസ്തു
മൂന്നാർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ പുതിയതരം ലഹരിവസ്തുവായ പോപ്പി സ്ട്രോ മൂന്നാറിൽ ആദ്യമായി പിടികൂടി. 8.185 കിലോ പോപ്പി സ്ട്രോയുമായി ഇടമലക്കുടി സ്വദേശി മോഹൻരാജ് (41) എക്സൈസ് സംഘത്തിന്റെ പിടിയിലായി. മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ വഴിയാണ് ലഹരിവേട്ട.
സെപ്റ്റംബർ മൂന്നിന് രാത്രി 12.45ഓടെ മൂന്നാർ ടൗണിൽ നിന്നാണ് മോഹൻരാജിനെ പിടികൂടിയത്. തമിഴ്നാട്ടിലെ തേനിയിൽ നിന്ന് കെഎസ്ആർടിസി ബസിലോ സ്വകാര്യ ബസിലോ മൂന്നാറിലെത്തിച്ച പോപ്പി സ്ട്രോ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മറ്റൊരു ബിഗ് ഷോപ്പറിനുള്ളിലാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.
ലഹരിവസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ്–ഇന്റലിജൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്.
ഇടമലക്കുടിയിലേക്ക് കടത്ത്
തേനിയിൽ നിന്ന് ബസിൽ മൂന്നാറിലെത്തിക്കുന്ന പോപ്പി സ്ട്രോ പിന്നീട് ഇടവഴികളിലൂടെ വിദൂര മേഖലയായ ഇടമലക്കുടിയിലേക്ക് എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. പോപ്പി സ്ട്രോ മൂന്നാറിലെത്തിക്കാൻ തുടങ്ങിയിട്ട് എത്രകാലമായെന്നും മറ്റേതൊക്കെ പ്രദേശങ്ങളിലേക്ക് വിതരണം വ്യാപിച്ചിട്ടുണ്ടെന്നും എക്സൈസ് അന്വേഷിച്ചുവരികയാണ്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംസ്ഥാനത്ത് ആദ്യമായി പോപ്പി സ്ട്രോ പിടികൂടിയ കേസായതിനാൽ ലഹരിവസ്തുവിന്റെ ഉറവിടം, കടത്തുശൃംഖല, വിതരണ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം.
കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന കറുപ്പ് കായയുടെ തൊണ്ടാണ് പോപ്പി സ്ട്രോ അഥവാ ‘വൈക്കോൽ കറുപ്പ്’ എന്നറിയപ്പെടുന്നത്.
മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണൻ, ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, സുജിൻ, പ്രവീൺകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.


