രാജകുമാരിയിൽ വിശ്വാസസാഗരം; മരിയൻ തീർത്ഥാടനത്തിൽ പങ്കെടുത്തത് കാൽലക്ഷത്തോളം പേർ
രാജാക്കാട്–രാജകുമാരി: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ജപമാലയുമായി ആയിരങ്ങൾ കാൽനടയായി നീങ്ങിയപ്പോൾ രാജകുമാരി സാക്ഷിയായത് വിശ്വാസത്തിന്റെ മഹാസംഗമത്തിന്. ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനത്തിൽ കാൽലക്ഷത്തോളം ഭക്തർ പങ്കെടുത്തു. എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടന്ന തീർത്ഥാടനം രാജകുമാരി ദൈവമാതാ പള്ളിയിൽ സമാപിച്ചു.
ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു തീർത്ഥാടനം. രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽനിന്ന് ആരംഭിച്ച കാൽനട യാത്ര ഒൻപത് കിലോമീറ്റർ പിന്നിട്ട് നാല് മണിക്കൂറിനുശേഷമാണ് രാജകുമാരിയിലെത്തിയത്.
മഴയിലും പതറാതെ; ജപമാലയുമായി ഒൻപത് കിലോമീറ്റർ
പ്രതികൂല കാലാവസ്ഥയിലും ജപമാല പ്രാർഥനകളുമായി ഭക്തർ യാത്ര തുടർന്നു. വിവിധ ഇടവകകളിൽനിന്നുള്ള തീർത്ഥാടക സംഘങ്ങളും യാത്രയിൽ പങ്കുചേർന്നു. വഴിയിലുടനീളം നാട്ടുകാരും വ്യാപാരികളും സന്നദ്ധ സംഘടനകളും തീർത്ഥാടകർക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കി.
2019ൽ ആരംഭിച്ച മരിയൻ തീർത്ഥാടനത്തിന് വർഷംതോറും ഭക്തജന പങ്കാളിത്തം വർധിച്ചുവരികയാണ്. കോവിഡ് സാഹചര്യത്തിൽ ഒരു വർഷം തീർത്ഥാടനം മുടങ്ങിയിരുന്നു.
വിശുദ്ധരുടെ വേഷത്തിൽ കുരുന്നുകൾ; വഴിനീളെ സ്വീകരണം
തീർത്ഥാടന പാതയിൽ ഭക്തർക്കും മെത്രാനും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വിശുദ്ധരുടെ വേഷമണിഞ്ഞ നൂറിലേറെ കുരുന്നുകൾ തീർത്ഥാടകരെ സ്വീകരിക്കാൻ അണിനിരന്നത് ശ്രദ്ധേയമായി. സമീപ ഇടവകകളിൽനിന്നുള്ള കാൽനട തീർത്ഥാടക സംഘങ്ങളും രാജകുമാരി ദൈവമാതാ പള്ളിയിലെത്തി.
നേർച്ചസദ്യയ്ക്കുശേഷം പൊന്തിഫിക്കൽ കുർബാന
രാജകുമാരി ദൈവമാതാ പള്ളിയിലെത്തിയ ഭക്തർക്കായി വിപുലമായ നേർച്ചസദ്യ ഒരുക്കി. തുടർന്ന് തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന നടന്നു.
മോൺ. അബ്രഹാം പുറയാറ്റ്, രാജകുമാരി പള്ളി വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. ജെയ്ൻ മാട്ടേൽ, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, കൈക്കാരന്മാരായ ജോസ് ശൗര്യാംമാക്കൽ, ജോഷി തറപ്പേൽ, സുനിൽ തകരപ്പിള്ളിയിൽ, ഷാജു മുണ്ടക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


