ESA: മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കണം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് BDJS
കട്ടപ്പന: പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല (ESA) സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ മലയോര കർഷകരുടെയും ജനവാസ മേഖലകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കേന്ദ്ര സർക്കാരിന് നിവേദനം നൽകി.
പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും നൽകാനുള്ള നിവേദനം ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സണുമായ അഡ്വ. സംഗീത വിശ്വനാഥന് മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ കൈമാറി.
ജനവാസ മേഖലകൾ, പട്ടയഭൂമി, റവന്യൂ ഭൂമി, പരമ്പരാഗത കൃഷിയിടങ്ങൾ എന്നിവ ESA പരിധിയിൽ ഉൾപ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്നും ഏലം, കാപ്പി, കുരുമുളക്, റബർ, തേയില തുടങ്ങിയ വിളകളെ ആശ്രയിക്കുന്ന കർഷകരുടെ ഉപജീവനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ESA അതിർത്തി നിർണയിക്കുന്നതിന് മുമ്പ് ഭൂവിനിയോഗവും ജനവാസവും കൃഷിയിടങ്ങളും കൃത്യമായി പരിശോധിക്കണമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമുണ്ടാകരുതെന്നും ആവശ്യപ്പെട്ടു. കർഷകരുമായും ജനപ്രതിനിധികളുമായും കർഷക സംഘടനകളുമായും ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാവൂവെന്നും ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, നേതാക്കളായ പാർഥേശൻ, ശശികുമാർ, സന്ദീപ് ഇ.യു., അജി മുട്ടുകാട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.


