കുമളിയിൽ 16കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ
ഇടുക്കി: കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയായ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ കൊല്ലപ്പട്ടട സ്വദേശി അരീക്കുഴിക്കൽ വീട്ടിൽ ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പ്രത്യേക അന്വേഷണസംഘം ഗോഡ്സണെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് 9നാണ് 16കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലുമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
പിതാവുമായി വേർപിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ സുഹൃത്തായ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ടതായി കണ്ടെത്തിയ കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15ന് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഗോഡ്സണെയും പ്രതിചേർത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ സമൂഹമാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും ചെയ്തു.
തുടർന്ന് ഇടുക്കി എസ്.പി. ഡോ. എ. നസീമിന്റെയും പീരുമേട് ഡി.വൈ.എസ്.പി. ഷിജു പി.എസിന്റെയും നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൊബൈൽ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് പുലർച്ചെ കൊച്ചിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കുമളിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്സണെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെയൻ പി., എസ്.ഐമാരായ അനൂപ് എം.ജി., സുബൈർ, ജൂനിയർ എസ്.ഐ ജോഫി ജോൺ, സി.പി.ഒമാരായ ഷിജുമോൻ, സലീൽ രവി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.


