പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾക്ക് നേരിട്ട് പരിഹാരം; ഇടുക്കിയിൽ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 29ന്
ഇടുക്കി: ജില്ലാ പോലീസിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരം കാണുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. ഓൺലൈൻ അദാലത്ത് നടത്തുന്നു.
‘ഡി.പി.സി. ടോക്സ് വിത്ത് കോപ്സ്’ (DPC Talks with Cops) എന്ന പേരിലുള്ള അദാലത്ത് സെപ്റ്റംബർ 29ന് നടക്കും. അദാലത്തിൽ ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥരുടെ പരാതികൾ നേരിട്ട് കേൾക്കുകയും ആവശ്യമായ പരിഹാരനടപടികൾ നിർദേശിക്കുകയും ചെയ്യും.
പോലീസ് ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർ മുഖേനയല്ലാതെ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി സമർപ്പിക്കാമെന്നതാണ് അദാലത്തിന്റെ പ്രധാന പ്രത്യേകത.
പരാതികൾ spidk.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്റ്റംബർ 18ന് മുമ്പായി അയയ്ക്കണം. പരാതിക്കൊപ്പം പരാതിക്കാരന്റെ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഇടുക്കി ജില്ലാ പോലീസ് ഓഫീസിലെ 9497981290 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


