ശാന്തൻപാറയിൽ വനംവകുപ്പ് സീൽ ചെയ്ത മണ്ണുമാന്തി യന്ത്രങ്ങൾ കടത്താൻ ശ്രമം; ഒരെണ്ണം പിടികൂടി
ശാന്തൻപാറ: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ചിന്നക്കനാൽ ഹൈറേഞ്ച് റിസർവിൽ നിന്ന് അനധികൃതമായി മരംമുറിച്ച കേസിൽ ദിവസങ്ങൾക്കുമുമ്പാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ വനംവകുപ്പ് പിടികൂടിയത്. തുടർന്ന് യന്ത്രങ്ങൾ സീൽ ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചുവരികയായിരുന്നു.
പട്രോളിങ്ങിനിടെ റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തിയപ്പോഴാണ് സീൽ ചെയ്ത നിലയിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യന്ത്രങ്ങൾ ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയത്.
വനംവകുപ്പ് സംഘം പിന്തുടർന്ന് ഒരു മണ്ണുമാന്തി യന്ത്രം ലോറിയിൽ നിന്ന് പിടികൂടി. രണ്ടാമത്തെ യന്ത്രവും തിരികെ എത്തിക്കാൻ ലോറി ഡ്രൈവറോട് നിർദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. വനംവകുപ്പിന്റെ കസ്റ്റഡിയിലായിരുന്ന യന്ത്രങ്ങൾ എങ്ങനെ സീൽ പൊളിച്ച് പുറത്തേക്ക് കൊണ്ടുപോയി, പിന്നിൽ ആരൊക്കെയാണുള്ളത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.


