തൊടുപുഴയ്ക്ക് അഭിമാനനേട്ടം ;ആകാശവാണി വാർത്താ വിഭാഗം മേധാവിയായി എസ്. സുബ്രഹ്മണ്യൻ
2001 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (IIS) ഉദ്യോഗസ്ഥനായ എസ്. സുബ്രഹ്മണ്യനെ ആകാശവാണിയുടെ ഡയറക്ടർ ജനറൽ ഓഫ് ന്യൂസ് സർവീസായി നിയമിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ കാൽനൂറ്റാണ്ടോളമായി സേവനമനുഷ്ഠിക്കുന്ന സുബ്രഹ്മണ്യൻ രാജ്യത്തെ പൊതുപ്രക്ഷേപണ മേഖലയിലെ സുപ്രധാന ചുമതലയിലേക്കാണ് എത്തുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ സുബ്രഹ്മണ്യൻ കേരളത്തിലും കേന്ദ്രസർക്കാർ തലത്തിലും വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. കേരള ഗവർണറുടെ പ്രസ് റിലേഷൻസ് ഓഫീസർ, തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗം ഡയറക്ടർ, കേരള സാംസ്കാരിക വകുപ്പ് ഡയറക്ടർ, മണ്ണ് പര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടർ, പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ പബ്ലിക് റിലേഷൻസ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് പുതിയ ചുമതലയിലെത്തുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ നിന്ന് ബി.ടെക്കും എം.ബി.എയും നേടിയിട്ടുണ്ട്.
തൊടുപുഴയിൽ നിന്ന് ദേശീയ പ്രക്ഷേപണ രംഗത്തെ ഉന്നത പദവിയിലേക്ക് സുബ്രഹ്മണ്യൻ എത്തിയതും ഇടുക്കിക്ക് അഭിമാനനേട്ടമായി.





