ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയ സർക്കാർ ഹോമിയോ ഡിസ്പെൻസറി തിരിച്ചെത്തിക്കണം; പ്രതിഷേധ യോഗം ഞായറാഴ്ച
ഈട്ടിത്തോപ്പ്: നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായിരുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിസ്പെൻസറി തിരികെ ഈട്ടിത്തോപ്പിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ജനകീയ യോഗം ചേരും.
സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് ഇരട്ടയാറിലേക്ക് മാറ്റിയതെന്നാണ് അറിയുന്നത്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും ഡിസ്പെൻസറി തിരികെ എത്തിക്കുന്നതിനുള്ള തുടർ സമരപരിപാടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം.
സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 5.30ന് ഈട്ടിത്തോപ്പ് എസ്.എൻ.ഡി.പി ശാഖാ ഹാളിലാണ് യോഗം. വികാരിയച്ചന്റെയും എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
ഈട്ടിത്തോപ്പിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ വീടുകളിൽ നിന്നുമുള്ള ആളുകൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.


