വീതി കുറവ്, കാലപ്പഴക്കം; കുരിശിങ്കൽ പാലം പൊളിച്ചുമാറ്റി പുതുക്കിപ്പണിയും
മേലുകാവുമറ്റം: പാലാ–മേലുകാവുമറ്റം റോഡിലെ ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പഴക്കമേറിയ കുരിശിങ്കൽ പാലം പൊളിച്ചുമാറ്റി പുതുക്കിപ്പണിയാൻ തീരുമാനം. വീതി കുറവും കാലപ്പഴക്കവും മൂലം യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ പാലം നിർമിക്കുന്നത്.
പാലം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിർമാണത്തിന്റെ സാങ്കേതിക വശങ്ങളും തുടർനടപടികളും സംഘം വിലയിരുത്തി.
പുതിയ പാലം യാഥാർഥ്യമാകുന്നതോടെ പാലാ–മേലുകാവുമറ്റം റോഡിലെ ഗതാഗതക്കുരുക്കിനും യാത്രാ ദുരിതങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഗതാഗതപ്രാധാന്യമേറിയ റോഡായതിനാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്.


