നികുതി വരുമാനത്തിൽ കേരളത്തിന് വൻ കുതിപ്പ്; അഞ്ച് മാസത്തിൽ 51,578 കോടി, കടമെടുപ്പും ഉയർന്നു
ഓണക്കാല വിപണിയുടെ ഉണർവിന്റെ പിൻബലത്തിൽ കേരളത്തിന്റെ നികുതി വരുമാനത്തിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ (ഏപ്രിൽ–ഓഗസ്റ്റ്) സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനം 51,578.32 കോടി രൂപയായി. മുൻകാലയളവിനെ അപേക്ഷിച്ച് 9,000 കോടിയിലധികം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റിൽ മാത്രം 14,118 കോടി രൂപ നികുതിയായി സമാഹരിച്ചു. ജൂലൈയെ അപേക്ഷിച്ച് ഏകദേശം 4,700 കോടി രൂപയുടെ വർധനയാണിത്. ഓണവിപണിയിലെ ശക്തമായ വ്യാപാരമാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണമായത്.
ജി.എസ്.ടി. വരുമാനത്തിലും മുന്നേറ്റമുണ്ടായി. ആദ്യ അഞ്ച് മാസത്തിൽ 20,274 കോടി രൂപയാണ് ജി.എസ്.ടി. ഇനത്തിൽ ലഭിച്ചത്. ബജറ്റ് ലക്ഷ്യത്തിന്റെ 40 ശതമാനം ഇതിനകം കൈവരിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 35 ശതമാനമായിരുന്നു.
അതേസമയം, വരുമാനം ഉയർന്നിട്ടും സംസ്ഥാനത്തിന്റെ കടബാധ്യതയിൽ കുറവില്ല. ആദ്യ അഞ്ച് മാസത്തിൽ സർക്കാർ 30,560.93 കോടി രൂപ കടമെടുത്തു. ഓഗസ്റ്റിൽ മാത്രം കടമെടുത്തത് 4,099 കോടി രൂപയാണ്.
റവന്യൂ കമ്മിയിലും നേരിയ കുറവുണ്ടായി. നിലവിൽ 18,688 കോടി രൂപയാണ് റവന്യൂ കമ്മി. കഴിഞ്ഞ വർഷം ഇത് ഏകദേശം 20,000 കോടി രൂപയായിരുന്നു. നികുതിയേതര വരുമാനം 7,727 കോടി രൂപയിലെത്തി; മുൻവർഷത്തേക്കാൾ എട്ട് ശതമാനം വർധനയാണിത്.
അതിനിടെ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചെലവും ഉയർന്നു. ആദ്യ അഞ്ച് മാസത്തിൽ 10,458 കോടി രൂപയാണ് മൂലധനച്ചെലവിനായി വിനിയോഗിച്ചത്. വരുമാനം ഉയരുന്നുണ്ടെങ്കിലും ചെലവുകളും കടമെടുപ്പും ഒരേസമയം ഉയരുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ സമ്മർദം തുടരുന്നതിന്റെ സൂചനയാണ്.


