കോലാനിയിൽ മാർവൽ മാട്രസ് ആൻഡ് ഫർണിച്ചറിൽ തീപിടിത്തം; ചകിരിയും സ്‌പോഞ്ചും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ കത്തിനശിച്ചു

കോലാനിയിൽ മാർവൽ മാട്രസ് ആൻഡ് ഫർണിച്ചറിൽ തീപിടിത്തം; ചകിരിയും സ്‌പോഞ്ചും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ കത്തിനശിച്ചു

തൊടുപുഴ: കോലാനി പഞ്ചവടിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന മാർവൽ മാട്രസ് ആൻഡ് ഫർണിച്ചർ സ്ഥാപനത്തിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മെത്ത നിർമാണ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ചകിരി, സ്‌പോഞ്ച് ഉൾപ്പെടെ മെത്ത നിർമാണത്തിനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള അസംസ്‌കൃത വസ്തുക്കൾ കത്തിനശിച്ചു. പ്രാഥമിക കണക്കുകൂട്ടലിൽ ഏകദേശം രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

ഞായറാഴ്ചയായതിനാൽ സ്ഥാപനത്തിൽ സാധാരണ ജീവനക്കാരുണ്ടായിരുന്നില്ല. അറ്റകുറ്റപ്പണികൾക്കായി ഏതാനും തൊഴിലാളികൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മെത്ത നിർമാണ വിഭാഗത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തൊഴിലാളികൾ തീപിടിത്ത വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേനയെയും അധികൃതരെയും വിവരമറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

തീ അതിവേഗം പടർന്നതോടെ ഫാക്ടറിയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. മെത്ത നിർമാണത്തിനുപയോഗിച്ചിരുന്ന യന്ത്രങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ചകിരിയും സ്‌പോഞ്ചും ഉൾപ്പെടെയുള്ള തീപിടിക്കാൻ സാധ്യതയേറിയ വസ്തുക്കൾ വലിയ തോതിൽ ഉണ്ടായിരുന്നതിനാൽ തീ ശക്തമായി പടരുകയായിരുന്നു. തീയുടെ ചൂടിൽ ഷീറ്റ് മേൽക്കൂരയുടെ വലിയൊരു ഭാഗം തകർന്നുവീണു. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി വയറിങ്ങും പൂർണമായും കത്തിനശിച്ചു.

തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ തൊടുപുഴ, കൂത്താട്ടുകുളം, മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

തീ അണച്ചശേഷവും കെട്ടിക്കിടന്നിരുന്ന ചകിരി, സ്‌പോഞ്ച് തുടങ്ങിയ വസ്തുക്കളിൽനിന്ന് വീണ്ടും തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേന പരിശോധന നടത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4

വിവിധ വിഭാഗങ്ങളിലായി നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഞായറാഴ്ച സാധാരണ ജീവനക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.

Slide 1
Slide 2
Slide 3
Slide 4