പുലിയന്നൂരിൽ വീട്ടിൽ തീപിടിത്തം; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
പാലാ: പുലിയന്നൂരിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രേഖകളും വസ്ത്രങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. കൃഷ്ണവിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടാകുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. താഴത്തെ നിലയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുകളിലത്തെ നിലയിൽ താമസിക്കുന്നവർ വീട്ടുടമ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു.
സുധീഷ് എത്തി വീട് തുറന്നപ്പോഴേക്കും ഒരു മുറി പൂർണമായും തീപിടിച്ച നിലയിലായിരുന്നു. തുടർന്ന് തീ മറ്റ് മുറികളിലേക്കും പടർന്നു. പാലായിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങിയവ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു.


