ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഡിങ്കി ബോട്ട് ഉദ്ഘാടനം ഞായറാഴ്ച
ഈരാറ്റുപേട്ട: ദുരന്തനിവാരണ പ്രവർത്തനങ്ങളിലും വന്യജീവി സംരക്ഷണ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് 4ന് മുട്ടം കവലയിൽ നടക്കും.
കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എംപി, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ വിശിഷ്ടാതിഥികളാകും.
അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പി എം അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി മോൻസ് ജോസഫിന് സെക്രട്ടറി ആരിഫ് വാഴയിൽ ആദരവ് നൽകും.
പ്രകൃതിദുരന്തങ്ങൾ, വെള്ളപ്പൊക്കം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് ടീം റെസ്ക്യൂ ഫോഴ്സ് കേരള. കേരള വനംവകുപ്പുമായി സഹകരിച്ച് വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലും സംഘടന സജീവമാണ്. വനംവകുപ്പിന്റെ അംഗീകാരമുള്ള സർപ്പ റെസ്ക്യൂ പ്രവർത്തകരും സംഘടനയുടെ ഭാഗമാണ്.
നൗഷാദ് വെള്ളൂപ്പറമ്പിൽ ആമുഖപ്രസംഗം നടത്തും. ഡിജു സെബാസ്റ്റ്യൻ സ്വാഗതവും മുഹമ്മദ് യാസിർ നന്ദിയും പറയും. ചടങ്ങിൽ ദുരന്തമുഖങ്ങളിൽ നിസ്വാർഥ സേവനം നടത്തുന്ന റെസ്ക്യൂ സംഘടനകൾക്കും ജനപ്രതിനിധികൾക്കും ആദരവ് നൽകും.
പരിപാടിയിൽ വിവിധ ജനപ്രതിനിധികളും തദ്ദേശസ്ഥാപന അധ്യക്ഷരും ഉദ്യോഗസ്ഥരും സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.


