വിവാഹത്തിന് ഭക്ഷണമെത്തിച്ചില്ല; കാറ്ററിങ് ഉടമ പോലീസ് കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കാഞ്ഞിരപ്പള്ളി: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ കാറ്ററിങ് സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് വിളിച്ചുവരുത്തിയ ശേഷമാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, എറണാകുളം ജില്ലയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സെപ്റ്റംബർ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. എന്നാൽ പറഞ്ഞ സമയത്ത് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


