യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദേശീയ സാഹസിക അക്കാദമി മീശപ്പുലിമലയിൽ സംഘടിപ്പിച്ച ദ്വിദിന ട്രെക്കിംഗ് ക്യാമ്പ് സമാപിച്ചു
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദേശീയ സാഹസിക അക്കാദമി മീശപ്പുലിമലയിൽ സംഘടിപ്പിച്ച ദ്വിദിന ട്രെക്കിംഗ് ക്യാമ്പ് സമാപിച്ചു. യുവത്വത്തിന്റെ കരുത്തും സാഹസികതയും പ്രകൃതിസ്നേഹവും ഒരുമിച്ച് വിളംബരം ചെയ്ത ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നാല്പതോളം യുവതീ-യുവാക്കൾ പങ്കെടുത്തു.
മേഘങ്ങളെ തഴുകിനിൽക്കുന്ന മീശപ്പുലിമലയുടെ മലനിരകളും മഞ്ഞുമൂടിയ താഴ്വരകളും സാക്ഷിയാക്കിയാണ് യുവാക്കൾ സാഹസിക അനുഭവയാത്രയിൽ അണിനിരന്നത്. പ്രകൃതിയുമായി അടുത്തിടപഴകുന്നതിനൊപ്പം സാഹസികതയും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ രതീഷ് അധ്യക്ഷനായി.
സൈലന്റ് വാലി വാർഡ് മെമ്പർ ചാരുമതി മുരുകൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോദാസ്, മൗണ്ടനീയറിംഗ് ഇൻസ്ട്രക്ടർ മോഹൻ എന്നിവർ ആശംസകൾ നേർന്നു. ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പ്രണീത പി. സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം.എസ് നന്ദിയും പറഞ്ഞു.


