ശാന്തൻപാറയിൽ കാട്ടാന ആക്രമണം; മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണസംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്. സംഭവമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.


