കാഞ്ഞിരപ്പള്ളിയിൽ സമാന്തര ലോട്ടറി തട്ടിപ്പ്: സഹോദരങ്ങൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ലോട്ടറി നിയമം ലംഘിച്ച് സർക്കാരിലേക്ക് നികുതി അടയ്ക്കാതെ മൊബൈൽ ഫോൺ മുഖേന സമാന്തര ലോട്ടറി നടത്തിയെന്ന കേസിൽ സഹോദരങ്ങളെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂൾ റോഡിൽ താമസിക്കുന്ന ഇരവിമംഗലം ടോം ബേബി (46), കറിപ്പാവിൽ താമസിക്കുന്ന സഹോദരൻ മാർട്ടിൻ ബേബി (45) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞിരപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റ് ആളുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
പേപ്പറിലോ വാട്സാപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴിയോ നാലക്ക നമ്പർ ഉപഭോക്താക്കൾക്ക് നൽകി പണം വാങ്ങിയാണ് സമാന്തര ലോട്ടറി നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അടിസ്ഥാനമാക്കി നമ്പറിന് സമ്മാനം ലഭിച്ചാൽ ബുക്ക് ചെയ്ത ടിക്കറ്റിന് ആനുപാതികമായ തുക യുപിഐ വഴിയോ നേരിട്ടോ നൽകുന്നതായിരുന്നു രീതിയെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റിന് 50 രൂപ ഈടാക്കുമ്പോൾ സമാന്തര ലോട്ടറിയിൽ 30 മുതൽ 40 രൂപ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ഇതാണ് നിരവധി പേരെ ആകർഷിച്ചതെന്നും പൊലീസ് പറയുന്നു.
ഈരാറ്റുപേട്ട–കാഞ്ഞിരപ്പള്ളി മേഖല കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അനധികൃത ലോട്ടറി നടത്തിപ്പിലൂടെ പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്നും സ്വത്തുക്കളും വാഹനങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലൂടെ അനധികൃത ലോട്ടറി പ്രവർത്തനത്തിന്റെ വ്യാപ്തി വ്യക്തമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


