ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിജയപുരം മുൻ പഞ്ചായത്ത് അംഗം നന്ദു കൃഷ്ണ അന്തരിച്ചു
കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ അംഗം നന്ദു കൃഷ്ണ (കണ്ണൻ–27) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മാങ്ങാനത്ത് വീടിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദു കൃഷ്ണയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സുഹൃത്തിന് കാര്യമായ പരിക്കുകളില്ല.
മാങ്ങാനം മാങ്കൂട്ടത്തിൽ റജിയുടെയും ഷീജയുടെയും ഏക മകനാണ് നന്ദു കൃഷ്ണ.
2020–2025 കാലയളവിൽ വിജയപുരം ഗ്രാമപഞ്ചായത്തിലെ ആശ്രമം 11-ാം വാർഡിൽ നിന്ന് ബിജെപി പ്രതിനിധിയായി വിജയിച്ചാണ് നന്ദു കൃഷ്ണ ജനപ്രതിനിധിയായത്. 22-ാം വയസ്സിൽ പഞ്ചായത്ത് അംഗമായ അദ്ദേഹം അന്ന് കോട്ടയം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായിരുന്നു.സംസ്കാരം നാളെ വൈകിട്ട് 3.30ന് നടക്കും.


