ലഹരിക്കെതിരെ കൈകോർത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി മെഗാ വാക്കത്തോൺ; 350ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
ഈരാറ്റുപേട്ട: ലഹരിമുക്ത സമൂഹത്തിനായുള്ള ബോധവത്കരണ സന്ദേശവുമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എൻജിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു.
ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുകയും യുവതലമുറയെ ലഹരിക്കെതിരെ അണിനിരത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാക്കത്തോണിൽ പൂഞ്ഞാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ 350ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വാക്കത്തോൺ സൺറൈസ് ഹോസ്പിറ്റലിൽ സമാപിച്ചു.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് പാലാ ഡി.വൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, ജനമൈത്രി സബ് ഇൻസ്പെക്ടർ ബിനോയ് തോമസ്, സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ പ്രകാശ് മാത്യു, സി.ഒ.ഒ സോനു എന്നിവർ സംസാരിച്ചു.
ആരോഗ്യപരിചരണത്തിനൊപ്പം ആരോഗ്യകരമായ സമൂഹത്തിന്റെ നിർമാണത്തിലും സൺറൈസ് ഹോസ്പിറ്റൽ സജീവമായി ഇടപെടുമെന്നും അധികൃതർ അറിയിച്ചു.


