ഹൃദയാരോഗ്യ സന്ദേശവുമായി ‘സ്വിം-എ-തോൺ’; പാലായിൽ ആവേശമായി നീന്തൽ റിലേ
പാലാ: ലോക ഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സ്വിം-എ-തോൺ’ നീന്തൽ റിലേ മത്സരം ആവേശകരമായി.
ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും വ്യായാമത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം. വിവിധ മേഖലകളിൽ നിന്നായി 11 ടീമുകൾ പങ്കെടുത്തു. എട്ട് നീന്തൽ താരങ്ങൾ വീതമുള്ള മിക്സഡ് റിലേ മത്സരമാണ് നടന്നത്.
ഡോക്ടർമാർ, അധ്യാപകർ, വനിതകൾ, സീനിയർ സിറ്റിസൺസ് തുടങ്ങി വിവിധ മേഖലകളിലുള്ളവർ മത്സരത്തിൽ അണിനിരന്നു. 85 വയസ്സുള്ള നീന്തൽ താരവും മത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പുലർച്ചെ ആറിന് ആരംഭിച്ച മത്സരത്തിന് നിരവധി കാണികളുമെത്തി.
പാലാ തോപ്പൻസ് അക്കാഡമി എ ടീം ഒന്നാം സ്ഥാനം നേടി. പാലാ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്റർ എ ടീം രണ്ടാം സ്ഥാനവും തോപ്പൻസ് അക്കാഡമി ബി ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനമായി നൽകി.
ദേശീയ നീന്തൽ താരവും സാഫ് ഗെയിംസ് ജേതാവുമായിരുന്ന ജോസഫ് ചാവറ സമ്മാനദാനം നിർവഹിച്ചു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റവ. ഫാ. മാത്യു തെക്കേൽ മുഖ്യസന്ദേശം നൽകി. സെന്റ് തോമസ് കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ട് മേടയിൽ, മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഫാ. ഗർവാസീസ് ആനിതോട്ടത്തിൽ, റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് തുടങ്ങിയവർ പങ്കെടുത്തു.


