സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം: കെ.എസ്.ഇ.യു–എ.ഐ.ടി.യു.സി
കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (കെ.എസ്.ഇ.യു–എ.ഐ.ടി.യു.സി) കോട്ടയം ജില്ലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
കോട്ടയം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ, ബാങ്കിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (കെ.എസ്.ഇ.യു–എ.ഐ.ടി.യു.സി) കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ ഏജൻസികളുടെ ചൂഷണത്തിന് ഇരയാകുന്ന തൊഴിലാളികളുടെ ജോലി സമയം കൃത്യമായി ക്രമീകരിക്കണമെന്നും പി.എഫ്., ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തി നിയമപരിരക്ഷ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
അഡ്വ. ബിനു ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാജു, സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എൻ. ശശികുമാർ, രാധികാ മേനോൻ, അജീഷ് മട്ടയ്ക്കൽ, സിബി പരിയാരം, ബി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് 18 അംഗ ജില്ലാ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
- രക്ഷാധികാരി: അഡ്വ. ബിനു ബോസ്
- പ്രസിഡന്റ്: സിബി പരിയാരം
- വൈസ് പ്രസിഡന്റ്: ബെന്നി എബ്രഹാം
- സെക്രട്ടറി: അജീഷ് മട്ടയ്ക്കൽ
- ജോയിന്റ് സെക്രട്ടറി: ബി. അനിൽകുമാർ
- ട്രഷറർ: എം.ഒ. മത്തായി


