സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം കോട്ടയം മെഡിക്കൽ കോളജിൽ
കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി.
രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഘടകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്ന ജനിതക രക്തസ്രാവ രോഗമാണ് ഹീമോഫീലിയ. സമയബന്ധിത രോഗനിർണയം, ചികിത്സ, രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഘടകചികിത്സ, തുടർപരിചരണം എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രത്യേക ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
കോട്ടയം സർക്കാർ മെഡിക്കൽ കോളജിലെ ഹീമോഫീലിയ സെന്റർ സമീപ ജില്ലകളിൽ നിന്നുള്ളവരടക്കമുള്ള രോഗികൾക്ക് ചികിത്സയും തുടർപരിചരണവും ലഭ്യമാക്കി വരികയാണ്. ത്രിതീയതല ചികിത്സാകേന്ദ്രമായി ഉയർത്തുന്നതോടെ വിവിധ രക്തസ്രാവ രോഗങ്ങൾക്ക് സമഗ്ര പരിശോധന, വിദഗ്ധ ചികിത്സ, തുടർപരിചരണം, അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് ലഭ്യമാക്കാനാകും.


