തോട്ടം മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഗവേഷണകേന്ദ്രം; ഇടുക്കി എൻജിനീയറിങ് കോളേജിന് അനുമതി
ഇടുക്കി: തോട്ടം മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ‘അഫോഡബിൾ ഓട്ടോമേഷൻ ടെക്നോളജീസ് ടു ഇംപ്രൂവ് പ്രൊഡക്ടിവിറ്റി ഇൻ ദ പ്ലാന്റേഷൻ സെക്ടർ’ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം സ്ഥാപിക്കുന്നത്.
തൊഴിലാളിക്ഷാമം, ഉൽപ്പാദനച്ചെലവ്, മലനിരകളിലെ ഭൂപ്രകൃതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ തോട്ടം മേഖലയുടെ വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. കൃത്രിമബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), റോബോട്ടിക്സ്, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ചെലവുകുറഞ്ഞ ഓട്ടോമേഷൻ സംവിധാനങ്ങൾ വികസിപ്പിക്കും.
സ്മാർട്ട് ജലസേചനം, റോബോട്ടിക് വിളവെടുപ്പ്, കീടനിയന്ത്രണത്തിനുള്ള ഡ്രോൺ സംവിധാനങ്ങൾ എന്നിവയുടെ രൂപകൽപ്പനയും പരീക്ഷണവും പദ്ധതിയുടെ ഭാഗമായി നടത്തും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങൾ സംയുക്തമായാണ് ഗവേഷണം നടത്തുക.
വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുക, പൈലറ്റ് പദ്ധതികൾ നടപ്പാക്കുക, വ്യവസായ-അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയും ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്, പ്രായോഗിക പരിശീലനം, ഗവേഷണാവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ സ്മാർട്ട് അഗ്രികൾച്ചർ മേഖലയിലെ തൊഴിൽ-സംരംഭകത്വ സാധ്യതകൾ വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഡോ. മഞ്ജു മാനുവൽ, ഡോ. ഫിലുമോൻ ജോസഫ്, പ്രൊഫ. ആർ. ശ്രീകുമാർ എന്നിവരാണ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർ.


