പച്ചക്കറികൾ കൊണ്ട് 'പൂക്കളം' ഒരുക്കി ഇരട്ടയാർ കൃഷിഭവൻ
ഇരട്ടയാർ: ഇരട്ടയാർ കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഓണസമൃദ്ധി 2025 കർഷക ചന്തയിൽ പച്ചക്കറികൾ കൊണ്ട് അലങ്കരിച്ച 'അത്തപ്പൂക്കളം' എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പൂക്കൾക്ക് പകരം നിറയെ പച്ചക്കറികൾ ഉപയോഗിച്ചുള്ള ഈ 'പൂക്കളം' വ്യത്യസ്തമായി മാറി.
കർഷകരിൽ നിന്ന് വിപണിവിലയെക്കാൾ ഉയർന്ന നിരക്കിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും വാങ്ങി ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തുന്ന ഓണസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പൂക്കളം നിർമിച്ചത് .
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് വിളയിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പർ ലാലിച്ചൻ വെള്ളക്കട, എട്ടാം വാർഡ് മെമ്പർ ജോസുകുട്ടി അരീപ്പറമ്പിൽ, കൃഷി ഓഫീസർ ഡെല്ല തോമസ്, കാർഷിക സമിതി അംഗങ്ങൾ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





