പ്രാർത്ഥനകളും പരിശ്രമങ്ങളും രക്ഷിച്ചില്ല : വിഷ്ണു യാത്രയായി
കഴിഞ്ഞദിവസം എലൈറ്റ് പടിക്കൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിഷ്ണു മരണപ്പെട്ടു
ഇടുക്കി: കട്ടപ്പന–ഇരട്ടയാർ റോഡിൽ എലൈറ്റ് പടിക്കുസമീപം കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയതോവാള അന്നക്കുന്നുമെട്ട് റാണി ഇല്ലംവീട്ടിൽ വിഷ്‌ണു (23) ആണു മരിച്ചത്.
കുമളിയിൽ പെയിന്റിങ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാർ ഇടിച്ചതാണ് അപകടത്തിന് കാരണം. പിന്നിലുണ്ടായിരുന്ന വലിയതോവാള സ്വദേശി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മധുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





