ആശാരി കവല–വലിയ തോവാള റോഡ് നിർമാണം :വാഹനയാത്രക്ക് ബദൽ സൗകര്യം ഒരുക്കണമെന്ന് നാട്ടുകൂട്ടം പ്രവർത്തകർ
കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : ജോണി പുതിയാപറമ്പിൽ
എഴുകുംവയൽ: വലിയ തോവാള–ആശാരി കവല റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനായി 10 ദിവസത്തേക്ക് പൂർണമായും ബ്ലോക്ക് ചെയ്യുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പ് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു.
തോവാള–എഴുകുംവയൽ റൂട്ടിൽ ദിനംപ്രതി നൂറുകണക്കിന് ചെറുവാഹനങ്ങളും സർവീസ് ബസുകളും സഞ്ചരിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായിരിക്കുന്ന ഈ സർവീസുകൾ പത്തുദിവസത്തേക്ക് തടസ്സപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും, റോഡ് ബ്ലോക്കിനിടെ യാത്രക്കാർക്ക് ബദൽ സൗകര്യം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇരട്ടയാർ–നോർത്ത് വെട്ടിക്കാമറ്റം–എഴുകുംവയൽ–ആശാരി കവല വഴി സർവീസ് ബസുകളും ചെറുവാഹനങ്ങളും തിരിച്ചുവിടാൻ നടപടികൾ കൈക്കൊള്ളണമെന്ന് എഴുകുംവയൽ നാട്ടുകൂട്ടം പ്രവർത്തകർ പൊതുമരാമത്ത് വകുപ്പിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചു.





