മീനച്ചിലിൽ കടയം തോട്ടിലെ വെള്ളം കറുത്തനിറത്തിൽ; നാട്ടുകാർ ആശങ്കയിൽ
മീനച്ചിൽ കടയം തോട്ടിലെ വെള്ളം കറുത്തനിറത്തിലായതോടെ പ്രദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തെളിഞ്ഞ നിലയിലായിരുന്ന വെള്ളമാണ് പിന്നീട് നിറം മാറിയത്. വെള്ളം ഉപയോഗയോഗ്യമല്ലാത്ത നിലയിലായതായും നാട്ടുകാർ പറയുന്നു.
തോട്ടിൽ കക്കൂസ് മാലിന്യമോ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള മലിനജലമോ കലർന്നതാണോയെന്ന് വ്യക്തമായിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികളും കിണറുകളും തോട്ടിനെ ആശ്രയിക്കുന്നുണ്ട്. മലിനജലം ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്.
കക്കൂസ് മാലിന്യമാകാമെന്നും പ്ലൈവുഡ് ഫാക്ടറിയിൽ നിന്നുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിയതാകാമെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
മാലിന്യനിക്ഷേപം രൂക്ഷമായതിനെ തുടർന്ന് വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് പറഞ്ഞു. എന്നാൽ ക്യാമറകളില്ലാത്ത ഇടവഴികളിലൂടെ സാമൂഹികവിരുദ്ധർ എത്തി മാലിന്യം ഒഴുക്കുന്നതായും അവർ വ്യക്തമാക്കി.


