ഹോമിയോ ആശുപത്രി മാറ്റിയത് ഏകപക്ഷീയ നടപടി: ബി.ഡി.ജെ.എസ്.
കട്ടപ്പന: ഈട്ടിത്തോപ്പിൽ 40 വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയത് പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയ നടപടിയാണെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ. സംഗീത വിശ്വനാഥൻ.
ആശുപത്രി മാറ്റുന്നതിന് മുമ്പ് ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്നും നടപടിയിൽ പ്രതിഷേധിച്ച് ഈട്ടിത്തോപ്പിൽ വനിതകൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംഗീത വിശ്വനാഥൻ പറഞ്ഞു.
20 ദിവസത്തിലേറെയായി പ്രദേശവാസികൾ സമരം തുടരുകയാണെങ്കിലും വിഷയത്തിൽ ചർച്ചയ്ക്ക് പോലും ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതിയും ജില്ലാ ഭരണകൂടവും തയ്യാറായിട്ടില്ലെന്ന് അവർ ആരോപിച്ചു.
സമരത്തിൽ ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോബി വാഴാട്ട്, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമരസമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ടുതെക്കേൽ, കൺവീനർ ബെന്നി കുഴികോടിയിൽ, പഞ്ചായത്ത് അംഗങ്ങളായ സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ക്ലാഷി ഷാജി, ഗ്രെയിസ് മഠത്തിമുറി എന്നിവർ വനിതാ സമരത്തിന് നേതൃത്വം നൽകി. ആശുപത്രി ഈട്ടിത്തോപ്പിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണ നൽകുമെന്നും ബി.ഡി.ജെ.എസ്. നേതാക്കൾ അറിയിച്ചു.


