കട്ടപ്പനയിൽ 220 കെ.വി സബ്സ്റ്റേഷൻ; നിർമ്മാണോദ്ഘാടനം നടത്തി
കട്ടപ്പന: വൈദ്യുതി മേഖലയിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സങ്ങളും പരിഹരിച്ച് പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രീൻ എനർജി കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കട്ടപ്പന നിർമ്മലാ സിറ്റി 220 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കട്ടപ്പന നഗരസഭാ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.
ഇടുക്കി ജില്ലയിൽ പ്രധാനമായും കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നിവിടങ്ങളിലെ 66 കെ.വി സബ്സ്റ്റേഷനുകളിലൂടെയാണ് വൈദ്യുതി വിതരണം നടത്തുന്നത്. 1980-ൽ സ്ഥാപിച്ച 66 കെ.വി സിംഗിൾ സർക്യൂട്ട് ലൈനിലൂടെയാണ് ഇവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്ന ഈ ലൈനിലൂടെയാണ് മെഡിക്കൽ കോളേജ്, ജില്ലാ ആസ്ഥാനം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നത്.
നിർമ്മലാ സിറ്റിയിൽ 220 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകളും സ്ഥാപിച്ച് വാഴത്തോപ്പ്, നെടുങ്കണ്ടം, കട്ടപ്പന സബ്സ്റ്റേഷനുകളിലേക്ക് 110 കെ.വി ശേഷിയിൽ വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ പ്രസരണ തടസ്സങ്ങൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
സബ്സ്റ്റേഷൻ, 17.3 കിലോമീറ്റർ 220/110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ, 6.4 കിലോമീറ്റർ കട്ടപ്പന–നിർമ്മലാ സിറ്റി 110 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് 231 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി ഏറ്റെടുത്ത 3.8 ഏക്കർ സ്ഥലത്താണ് സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. സബ്സ്റ്റേഷന്റെ നിർമ്മാണം കൊൽക്കത്ത ആസ്ഥാനമായ ലുമിനോ ഇൻഡസ്ട്രീസ് കമ്പനിയും അനുബന്ധ ലൈനുകളുടെ നിർമ്മാണം ദിനേഷ് ചന്ദ്ര ആർ. അഗർവാൾ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും നിർവഹിക്കും.
പദ്ധതിക്കായി ആവശ്യമായ സ്ഥലങ്ങളിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റോയി കെ. പൗലോസ് എം.എൽ.എ പറഞ്ഞു. നാടിന്റെ വികസനത്തിന് ഗുണകരമാകുന്ന പദ്ധതിയുമായി ജനങ്ങൾ സഹകരിക്കണമെന്നും ഇടുക്കിയുടെ വൈദ്യുതി മേഖലയ്ക്ക് വലിയ മുന്നേറ്റത്തിന് പദ്ധതി വഴിയൊരുക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി, വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ഡയറക്ടർ എസ്. ശിവദാസ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സുരേഷ് വി.ആർ., സീനാ ജോർജ്, കൗൺസിലർമാരായ മനോജ് മുരളി, തോമസ് മൈക്കിൾ, അഡ്വ. കെ.ജെ. ബെന്നി, സിബി പാറപ്പായി, ബീന സിബി, സോണിയ ജെയ്ബി, സജിമോൾ ഷാജി, സോബി ബേബി, ബീന ടോമി, ഐബിമോൾ, സന്തോഷ് ഓലനാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാജീഷ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.


