ഭൂവിഷയങ്ങളും വനമേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കും: ചീഫ് വിപ്പ് അപു ജോൺ ജോസഫ്
അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തുജാലങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ജില്ലാ സ്പീഷീസ് പ്രഖ്യാപനം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു
ഇടുക്കി: ഇടുക്കിയുടെ തനത് ജൈവവൈവിധ്യവും സംരക്ഷണ പ്രാധാന്യവുമുള്ള അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തുജാലങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ജില്ലാ സ്പീഷീസ് പ്രഖ്യാപനം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു.
ജില്ലാ സ്പീഷീസ് പ്രഖ്യാപനത്തിന്റെ പേരിൽ കർഷകർക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂവിഷയങ്ങളും വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കും. ഭൂപതിവ് ചട്ടം, സി.എച്ച്.ആർ. പട്ടയം, വനമേഖലയിലെ പ്രശ്നങ്ങൾ, പട്ടയ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പകുതിയിലധികം വിജയിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനൊപ്പം ജനവാസ മേഖലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ജില്ലാ സ്പീഷീസ് പ്രഖ്യാപനമെന്നും ചീഫ് വിപ്പ് പറഞ്ഞു.
11 വിഭാഗങ്ങളിലായി ജില്ലാ സ്പീഷീസുകൾ
ജില്ലാ പുഷ്പം – നീലക്കുറിഞ്ഞി
ജില്ലാ വൃക്ഷം – കാട്ടുപൂവരശ്
ജില്ലാ പൈതൃക വൃക്ഷം – സ്വർണ്ണപ്പന്നൽ
ജില്ലാ മൃഗം – വരയാട്
ജില്ലാ ജലജീവി – മലനീർനായ
ജില്ലാ പക്ഷി – വെള്ളവയറൻ ഷോളക്കിളി
ജില്ലാ ഉരഗം – വാൽപൊട്ടൻ മൺപാമ്പ്
ജില്ലാ ഉഭയജീവി – ആനമുടി ഇലത്തവള
ജില്ലാ മത്സ്യം – കുയിൽ
ജില്ലാ ശലഭം – പളനിഗിരിശൃംഗൻ
ജില്ലാ തുമ്പി – മലനിഴൽ തുമ്പി
ജില്ലാ ഔദ്യോഗിക സ്പീഷീസ് ബ്രോഷർ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്തു. ജൈവവൈവിധ്യ പരിപാലനം കർഷകരുടെ സംരക്ഷണത്തിനും പ്രയോജനത്തിനുമാകണമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ പേരിൽ വൻകിട കൈയേറ്റക്കാർക്ക് നേട്ടമുണ്ടാക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും കർഷകർക്ക് പ്രയോജനകരമായ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയിലെ ജൈവവൈവിധ്യ മേഖലയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഇത് കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഔഷധസസ്യ മേഖലയിലും ജില്ലയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. ജൈവവൈവിധ്യ പരിപാലന സമിതികളുടെ സമ്പൂർണ പുനഃസംഘടനാ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.
ദേശീയ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭുവനേഷ് കുമാർ, അഭിനേഷ്, സംസ്ഥാന വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെഫിൻ, ആൽബിൻ എന്നിവരെ കളക്ടർ വേദിയിൽ ആദരിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ പരിപാലനം എന്ന വിഷയത്തിൽ ഡോ. ജോമി അഗസ്റ്റിൻ ക്ലാസെടുത്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. സി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സന്തോഷ് പണിക്കർ, മിനി ടോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് കോക്കാടൻ, മിനി സാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവൻ തുടങ്ങിയവർ പങ്കെടുത്തു.


