വന്യജീവി വാരാഘോഷത്തിനെതിരെ EDC അംഗങ്ങളുടെ പ്രതിഷേധം
വണ്ടിപ്പെരിയാർ: വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസവും, വനം വകുപ്പിലെ പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർത്തി EDC അംഗങ്ങളുടെ പ്രതിഷേധം. വനം-വന്യജീവി വാരാഘോഷത്തിനായി കോടികൾ ചെലവഴിക്കുന്നതിനെയും പ്രതിഷേധക്കാർ ചോദ്യം ചെയ്തു.
വണ്ടിപ്പെരിയാർ വള്ളക്കടവ് മൂന്നാം EDCയിലെ അംഗങ്ങളാണ് വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിൽ കാർഷിക വിളകൾ നിരത്തി പ്രതിഷേധിച്ചത്.
വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഒക്ടോബർ 8ന് നടക്കുന്ന വനം-വന്യജീവി വാരാഘോഷ സമാപനം ബഹുജന പങ്കാളിത്തത്തോടെ കരിദിനമായി ആചരിക്കുമെന്ന് EDC ഭാരവാഹികൾ അറിയിച്ചു.


