ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്
ചിന്നക്കനാൽ: ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ പത്ത് ഹെക്ടറോളം സ്ഥലത്ത് നടത്തിയ കൈയേറ്റം വനംവകുപ്പ് ഒഴിപ്പിച്ചു. കൈയേറിയ സ്ഥലത്ത് വെട്ടിത്തെളിച്ച അടിക്കാടുകൾക്കു പകരം നട്ടിരുന്ന ഏലത്തൈകൾ ഉദ്യോഗസ്ഥർ പിഴുതുമാറ്റി.
വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന കനത്ത ഇരുമ്പുകമ്പികളിലുള്ള ഫെൻസിങ്ങും വനംവകുപ്പ് അഴിച്ചുനീക്കി. അഞ്ചുപേർ ചേർന്നാണ് ഇവിടെ ഭൂമി കൈയേറി കൃഷി നടത്തിയിരുന്നത്.
ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലെ 56.36 ഹെക്ടർ സ്ഥലമാണ് ചിന്നക്കനാൽ റിസർവിനായി നീക്കിവച്ചിട്ടുള്ളത്. ദേവികുളം റേഞ്ച് ഓഫീസർ ഇ.ഡി. അരുണ്കുമാറിന്റെയും ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുന്നസാരി ലാലിന്റെയും നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്.


