ഗാന്ധിജയന്തി ക്വിസ്: നങ്കിസിറ്റി എസ്.എൻ. സ്കൂളിന് ഒന്നാം സ്ഥാനം
ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേയ അനിലും ഡിഫിൻ റോബിനും ഒന്നാം സ്ഥാനം നേടി.
കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിൽ 21 വിദ്യാർഥികൾ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ദുർഗാ ലക്ഷ്മി സജിത്ത്, റോജൻ റോബർട്ട് എന്നിവർ രണ്ടാം സ്ഥാനവും കാൽവരി മൗണ്ട് കെ.എച്ച്. സ്കൂളിലെ കരോൾ ഡി. ജോൺ മൂന്നാം സ്ഥാനവും നേടി.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസറും പരിശീലകനുമായ റാഷി മക്കാർ ക്വിസ് മത്സരം നയിച്ചു. വിജയികൾക്ക് ഡീൻ കുര്യാക്കോസ് എം.പി. സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി. സതികുമാർ, അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


