കട്ടപ്പനയിൽ ഹൈറേഞ്ച് മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന്
കട്ടപ്പന: റോട്ടറി ഡിസ്ട്രിക്ട് 3205-ലെ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൈറേഞ്ച് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന് കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ നടക്കും. രാവിലെ 10 മണി മുതലാണ് ക്യാമ്പ്.
പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജോൺ തയ്യിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള 50-ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കും.
ഹൃദ്രോഗം, ഗാസ്ട്രോഎന്ററോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, നേത്രരോഗം, ഓങ്കോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, യൂറോളജി, സൈക്യാട്രി, ഡെർമറ്റോളജി, ഇ.എൻ.ടി., ഫാമിലി മെഡിസിൻ, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ പരിശോധനയും ചികിത്സാ നിർദേശവും ലഭിക്കും.
ക്യാമ്പിലേക്കുള്ള പ്രവേശനവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷനും പൂർണമായും സൗജന്യമാണ്. ഫാർമസി സേവനവും ക്യാമ്പിൽ ലഭ്യമാക്കും. മുൻ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ കൈവശമുള്ളവർ അവ കൊണ്ടുവരണം.
ക്യാമ്പിനോടനുബന്ധിച്ച് കട്ടപ്പന സ്കാൻവിൻ ഡയഗ്നോസിസ് സെന്ററിൽ എല്ലാ പരിശോധനകൾക്കും 50 ശതമാനം ഇളവും ലഭിക്കും. പങ്കെടുക്കുന്നവർക്കായി കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഡോൺ ബോസ്കോ സ്കൂളിലേക്ക് സൗജന്യ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകൾ വഴി നടത്താം. ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾ ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.8606633704 ഈ നമ്പറിൽ ബുക്കിംഗ് നടത്താവുന്നതാണ്


