ക്ഷയരോഗവിമുക്ത ഭാരതം: ഇടുക്കിയിൽ ജോഷ് ടീം രൂപീകരിച്ചു
ഇടുക്കി: രാജ്യത്തെ ക്ഷയരോഗവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടി.ബി. മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ജോഷ് (ജോയിന്റ് സ്ക്വാഡ് ഫോർ ഹെൽത്ത്) ടീമിന് രൂപം നൽകി. ജില്ലാതല ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ നിർവഹിച്ചു. ഇടുക്കി സിവിൽ സ്റ്റേഷനിലെ ദേശീയ ആരോഗ്യ ദൗത്യം ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. വിദ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഷൈജു പി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ടി.ബി. മുക്ത നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന നഗരസഭയ്ക്കുള്ള പുരസ്കാരം ചെയർമാൻ ജോയി വെട്ടിക്കുഴി ഏറ്റുവാങ്ങി. ജില്ലാ ടി.ബി. ഓഫീസർ ഡോ. അജീഷ് കൃഷ്ണൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, ഇടുക്കി മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. അജിത് ചക്രവർത്തി തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യവകുപ്പിനൊപ്പം വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, സമൂഹ നേതാക്കൾ എന്നിവരെ ക്ഷയരോഗവിമുക്ത ഭാരതത്തിനായി അണിനിരത്തുകയാണ് ജോഷ് ടീമിന്റെ ലക്ഷ്യം.
ബ്ലോക്ക് തലത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ അഞ്ച് എൻ.സി.സി. കേഡറ്റുകളെയും അഞ്ച് മൈ ഭാരത് വോളന്റിയർമാരെയും ഉൾപ്പെടുത്തിയാണ് ജോഷ് ടീമുകൾ രൂപീകരിക്കുന്നത്. തുടർന്ന് ‘ജോഷ് ടീമിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ സെമിനാറും നടന്നു.


