മാലിന്യ പരിപാലനത്തിൽ മാതൃകാപരമായ പ്രവർത്തനം; ഫൈൻ ഡിജിറ്റൽ ആൻഡ് ഓഫ്സെറ്റ് പ്രസിന് നഗരസഭയുടെ ആദരവ്
തൊടുപുഴ: മാലിന്യ പരിപാലന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഫൈൻ ഡിജിറ്റൽ ആൻഡ് ഓഫ്സെറ്റ് പ്രസിനെ തൊടുപുഴ നഗരസഭ ആദരിച്ചു.
സ്ഥാപനത്തിൽ ഉപയോഗിക്കുന്ന പാൽ കവറുകൾ വലിച്ചെറിയാതെ കൃത്യമായി കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷം ഏഴാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് സ്ഥിരമായി കൈമാറിവരുന്ന പ്രവർത്തനമാണ് നഗരസഭയുടെ ആദരവിന് കാരണമായത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ച് പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്രവർത്തനം മാലിന്യസംസ്കരണത്തിന് മാതൃകയാണെന്ന് നഗരസഭ വിലയിരുത്തി.
തൊടുപുഴ ടൗൺഹാളിൽ നടന്ന ‘നിർമലം – പുതിയുഗ ശുചിത്വ കേരളം’ കർമ്മപദ്ധതിയുടെ നഗരസഭാതല ഉദ്ഘാടന ചടങ്ങിൽ സ്ഥാപന പ്രതിനിധിയെ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ആദരിച്ചു.
മാലിന്യ പരിപാലനത്തിൽ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഫൈൻ ഡിജിറ്റൽ ആൻഡ് ഓഫ്സെറ്റ് പ്രസിന്റെ പ്രവർത്തനമെന്ന് നഗരസഭ വ്യക്തമാക്കി.


