പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ മോഷണക്കേസ് പ്രതികളെ പിടികൂടി വണ്ടിപ്പെരിയാർ പോലീസ്
വണ്ടിപ്പെരിയാർ: നെല്ലിമല ആറ്റോരം ഭാഗത്തെ ദേവീക്ഷേത്രത്തിൽ നിന്ന് നാലുലക്ഷം രൂപയോളം വിലവരുന്ന വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
പെരിയാർ വില്ലേജിൽ വണ്ടിപ്പെരിയാർ കരയിലെ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അരുൺ (34), ആറ്റോരം ഭാഗത്തെ ഒറ്റപ്ലാക്കൽ വീട്ടിൽ രഞ്ജിത് (30), ചോറ്റുപാറ കരയിലെ കോണിമാറ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ശിവ (29) എന്നിവരാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ നെല്ലിമല ആറ്റോരം ഭാഗത്തുള്ള ദേവീക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ പ്രതികൾ ഊട്ടുപുരയുടെ താഴ് തകർത്ത് അകത്തുണ്ടായിരുന്ന ഓട്ടുവിളക്കുകൾ, വെള്ളിക്കുടങ്ങൾ, ചെമ്പുകുടങ്ങൾ, വലിയ ഉരുളികൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, ജയ് ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിനോയ്, സതീഷ് ചന്ദ്രൻ, സന്തോഷ്, റെജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബഷീർ, സനിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


