പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 29 വർഷം കഠിനതടവും 85,000 രൂപ പിഴയും
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അഭിജിത്ത് (23) ആണ് ശിക്ഷിക്കപ്പെട്ടത്.
കട്ടപ്പന പോക്സോ കോടതി ജഡ്ജി ബിൽകുൽ ജി. ആർ. ആണ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ സുധീർ കെ. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരായ ആതിര എം. ജി., ആശാമോൾ എം. ആർ., ദീപ വി. ആർ., ദൂരെ രാജ് പി., അഭിലാഷ് മോൻ പി. ഡി. എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.


