ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യം; തൊടുപുഴയിൽ പ്രതിഷേധ സംഗമം
എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കണമെന്നും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യം
തൊടുപുഴ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി. ഡോ. വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്.ഐ.ആർ (പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികൾ നിർത്തിവയ്ക്കുക, വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ അവകാശം പുനഃസ്ഥാപിക്കുക, ബാലറ്റ് പേപ്പർ സമ്പ്രദായം വീണ്ടും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സംഗമം ഉന്നയിച്ചു.
ടി.ജെ. പീറ്റർ അധ്യക്ഷത വഹിച്ചു. എൻ. വിനോദ് കുമാർ, മാത്യു വർഗീസ്, പ്രൊഫ. ജോയി മൈക്കിൾ, ജോസ് ചുവപ്പുങ്കൽ, കൃഷ്ണൻ കണിയാമ്പുറം, എസ്.ജി. സുദർശൻ, സിബി സി. മാത്യു, പി.ഐ. ജോണി, ഇ.എൻ. ചന്ദ്രബോസ്, ജയിംസ് കോലാനി, നിഷ ജിമ്മി, കെ.എൽ. ഈപ്പച്ചൻ, ബേബി വടക്കേകര എന്നിവർ സംസാരിച്ചു.


