ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു
വണ്ടിപ്പെരിയാർ: ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടിപ്പെരിയാർ കക്കിക്കവല ത്രിച്ചിറ്റാറ്റിൽ വീട്ടിൽ ഷൈജുവിന്റെ ഭാര്യ സജീന കെ.എസ്. (43) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എച്ച്.പി.സി.യിൽ തൊഴിലുറപ്പ് മേറ്റായി ജോലി കഴിഞ്ഞ് ധർമാവേലി–വണ്ടിപ്പെരിയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജീന. കക്കിക്കവലയിൽ ഇറങ്ങുന്നതിനായി സീറ്റിൽനിന്ന് എഴുന്നേറ്റപ്പോൾ സീറ്റ് കമ്പിയിൽ പിടിത്തം ലഭിക്കാതെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ: സനൂജ, അനൂജ.


